Wednesday, June 25, 2014

പുഴമരണങ്ങള്‍ (കൂട്ടബലാത്സംഗക്കൊലകള്‍ )

വര്‍ഷങ്ങള്‍ക്കപ്പുറം
പൊന്‍വെയില്‍ തിളങ്ങും മണല്‍പ്പരപ്പില്‍
കാഴ്ചക്കായ് യാത്രക്കായ് ഞാനുമെത്തിയേക്കാം
മറ്റാരും കേള്‍ക്കാതെ,യാര്‍ദ്രമായീ-
വഴിയൊരു പുഴയൊഴുകിയിരുന്നെന്നു
ഞാനെന്റെ കുഞ്ഞിന്റെ
മുഖത്തു നോക്കാതെ പറഞ്ഞേക്കാം,
അന്നേരമക്കണ്ണില്‍ മിന്നാമിനുങ്ങുകള്‍
കുഞ്ഞു റാന്തലുകള്‍ തൂക്കിയേക്കാം,
കുഞ്ഞോളങ്ങളൊന്നെത്തി നോക്കിയേക്കാം ,
എന്റെ കവിളില്‍ കുഞ്ഞുവിരലാല്‍ തൊട്ട്
കാല്‍വിരലാല്‍ മെല്ലെ പൂഴിയിളക്കി
എന്നിട്ടെവിടെയമ്മേ പുഴയെന്നു
കണ്ണിറുക്കിച്ചോദിച്ചേക്കാം,
പറയില്ല ഞാനന്നേരം
കൊന്നു ഞങ്ങള,പ്പുഴയെ
പ്പിന്നെ പല പുഴകളെയെന്നു
പകരം, പഠിച്ച നാട്യങ്ങളിലൊന്നില്‍
ഞാനെന്നെയൊളിപ്പിക്കും
എന്നിട്ട് മണ്ണില്‍ കളിക്കാതെ കൊച്ചേയെന്നു
ചെറിയ നുള്ളാലൊന്നു വേദനിപ്പിക്കും
അന്നേരം പൂങ്കണ്ണില്‍ പൊടിയും പോന്നു പോലൊ-
രു തുള്ളി..............
ചത്തു പോയ പുഴയുടെ നെഞ്ചില്‍
വര്‍ഷം പോലൊരു കുഞ്ഞു തുള്ളി......

പുതപ്പ്

ഉള്ളില്‍ തണുത്തു വിറക്കുന്നതു നീയായിട്ടും
പുറത്തു പനിച്ചൂടെനിക്കാണ്.

കാല്‍ കൊണ്ട് വലിച്ച് നീട്ടി
ചെവിയോളം തലയോളം വാരിപ്പിടിച്ച്
നീയെന്നെ കാവലേല്‍പ്പിച്ചിരിക്കുന്നത് 
നിന്റെ പൊള്ളുന്ന നിശ്വാസങ്ങള്‍ക്കാണ്.

വിശപ്പ് നഷ്ടപ്പെട്ടവരുടെ വിധിപ്രസ്താവന

എടോ കടുവേ
വിശപ്പ്‌ കൈമോശം വന്നു പോയൊരു ജനതക്ക്
വിശന്നിട്ടാണ് നീ കാടിറങ്ങി വന്നതെന്ന് പറഞ്ഞാല്‍ ബോധ്യമാവുന്നതെങ്ങനെ?
ഞങ്ങള്‍ ലക്ഷങ്ങളോളം ആടുകളെ, പശുക്കളെ,കോഴികളെ, മറ്റു പലതിനെയും
മുറിച്ചും വറുത്തും പൊരിച്ചും ദിവസവും അകത്താക്കാറുണ്ട് 
അതൊന്നും പക്ഷെ വിശന്നിട്ടല്ല... ഒരു രസത്തിന്.. അത്ര മാത്രം.

അല്ലെങ്കില്‍ തന്നെ നീ വരുമാനമില്ലാത്തവനാണെന്ന് തെളിയിച്ചാല്‍ മതിയായിരുന്നില്ലേ 
പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ പാടുപെടുന്ന ഞങ്ങളുടെ സര്‍ക്കാര്‍
നിനക്ക് രണ്ടു രൂപക്ക് അരി തരുമായിരുന്നല്ലോ.

എങ്കിലും നിന്റെ ധൈര്യം അപാരം തന്നെ
ലോകത്തിനു തന്നെ ഉടമകളായവരുടെ ഇടയിലേക്ക്
തലയുയര്‍ത്തിപ്പിടിച്ച് വന്ന നിന്റെ വരവുണ്ടല്ലോ..
അതിനു നിനക്ക് ഇതല്ലാതെ എന്ത് മറുപടി തരാന്‍ ?

ചത്തിട്ടും ചമഞ്ഞു തന്നെ കിടന്ന നിന്നെ 
പല ചാനലുകളിലൂടെ അത്താഴമേശമേലിരുന്നു കണ്ട്
ഞങ്ങള്‍ നാവു നീട്ടി കിറി തുടച്ചത്‌ നേര് തന്നെ
എങ്കിലും ഏതെങ്കിലും ഒരു കാമറക്കു നേരെ
നിനക്കൊരു നന്ദിയുടെ നോട്ടം എറിയാമായിരുന്നു
ഇനി വിശപ്പേയില്ലാത്ത ഒരിടത്തേക്ക്
ഇത്ര വേഗം നിന്നെ എത്തിച്ചതിന് ..